Kerala
തിരുവനന്തപുരം: തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും. മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ.
തൊണ്ടിമുതൽ കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന്റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
കേസുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള നടപടികളുടെ ഭാഗമായി വിഷയം പരിഗണിക്കുന്ന ബാർ കൗൺസിലിന്റെ മൂന്നംഗ അച്ചടക്ക സമിതി ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. കേസിൽ മൂന്നുവർഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.
Kerala
കണ്ണൂര്: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്റെയും സുരക്ഷാവ്യവസ്ഥകള് പാലിക്കാത്തതിന്റെയും പേരില് ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥനെതിരെ കര്ശന നടപടി. കണ്ണൂര് പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്ചാര്ജ് വി.സുബീഷിനാണ് കോര്പറേഷന് നോട്ടീസ് നല്കിയത്.
ഇന് ചാര്ജായ ഉദ്യോഗസ്ഥന് ഓര്ഡിനറി കൗണ്ടറിലും ഗോഡൗണ് ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്പറേഷന് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര് വ്യക്തമാക്കി.
കൂടാതെ, 2023 ഫെബ്രുവരി മുതല് 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല് 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള് 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്പറേഷന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
ഗുരുതരമായ മേല്നോട്ടക്കുറവും കര്ത്തവ്യവീഴ്ചയും കോര്പറേഷന് ചട്ടങ്ങളുടെ ലംഘനവും നടത്തിയതിനാലാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന് തീരുമാനിച്ചതെന്ന് കുറ്റാരോപണ പത്രികയില് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണു നിയമനടപടിക്കു മുതിരുന്നത്.
എംപി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്റെ ആരോപണം. ഇതു സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി ഡിജിപിക്കു കൈമാറിയിട്ടുണ്ട്.
പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള് ഉള്പ്പെടെ ഉയര്ത്തിക്കാട്ടിയായിരുന്നു ഷാഫിപറമ്പില് എംപി ആരോപണമുയര്ത്തിയത്.
പേരാമ്പ്ര സംഘര്ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന് നേതൃത്വം നല്കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിനു നേരത്തേ സര്വീസില്നിന്നു പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്വീസിലേക്കു തിരികെ കയറ്റിയത്.
ഇയാള് അത്ര നല്ല ട്രാക്ക് റിക്കാര്ഡ് ഉള്ള ഉദ്യോഗസ്ഥനല്ല. ദുരുദ്ദേശ്യപരമായിട്ടാണ് ഇത്തരം ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിലേക്കു കൊണ്ടുവന്നതെന്നും എംപി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി പിന്നീട് എംപി പരാതി നല്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള് പുറത്തുവിട്ടതിനു പിന്നാലെ, കോഴിക്കോട് ഡിസിസി നേതൃത്വവും ഡിജിപിക്കു പരാതി നല്കിയിരുന്നു.
Kerala
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുണ്ടെന്നു കണ്ടെത്തിയ സംസ്ഥാനത്തെ 14 പോലീസ് ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നതായി രേഖകൾ.
ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ യോഗത്തിലും ആവർത്തിക്കുന്നതിനിടെയാണ് ഇവരെല്ലാം സർവീസിൽ തുടരുന്നതായി കണ്ടെത്തിയത്.
ഷാഫി പറന്പിൽ എംപിയെ മർദിച്ചതെന്നു പരസ്യമായി പറഞ്ഞ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും പിരിച്ചുവിടണമെന്നു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്.
ഡിവൈഎസ്പി തസ്തികയിലുള്ള രണ്ടു പേരും ഇൻസ്പെക്ടർ തസ്തികയിലുള്ള രണ്ടുപേരും എസ്ഐ തസ്തികയിലെ ഒരാളും ഗ്രേഡ് എസ്ഐമാരായ മൂന്നു പേരും ഒന്നു വീതം ഗ്രേഡ് എഎസ്ഐ, എഎസ്ഐയും പട്ടികയിലുണ്ട്. സിപിഒ, സീനിയർ സിപിഒ തസ്തികയിലുള്ള നാലുപേരും ഗുണ്ടാ- പോലീസ് ബന്ധത്തിൽ ഉൾപ്പെട്ടവരാണ്.